ചേര്‍ത്തല: ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായ കൊടിക്കയര്‍ പദയാത്ര 23ന് കളവംകോടം ശക്തീശ്വര ക്ഷേത്രത്തില്‍നിന്നു തുടങ്ങും. 93-ാമത് തീര്‍ഥാടന നഗരിയില്‍ പതാക ഉയര്‍ത്താനുള്ള കൊടിക്കയര്‍ പരമ്പരാഗതവിധിപ്രകാരം ആചാരാനുഷ്ഠാനങ്ങളോടെ വര്‍ഷങ്ങളായി ചേര്‍ത്തലയിലാണ് ഒരുക്കുന്നത്. 100 പേരണിനിരക്കുന്ന പദയാത്ര 29ന് ശിവഗിരിയിലെത്തി ശിവഗിരിമഠം പ്രസിഡന്റ് സച്ചിതാനന്ദസ്വാമിക്ക് കൊടിക്കയര്‍ കൈമാറും.
ചേര്‍ത്തല താലൂക്ക് സമാധിദിനാചരണകമ്മിറ്റി നേതൃത്വത്തില്‍ നടക്കുന്ന പദയാത്രക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജാഥാക്യാപ്റ്റന് വിജയഘോഷ് ചാരങ്കാട്ട്, കണ്‍വീനര്‍ കെ.ആര്. രാജു, പി.എം. പുഷ്കരന്, ജയധരന്‍ തിരുനല്ലൂര്‍, പി.പി. ലെനിന്, പ്രദീപ് ചെങ്ങണ്ട എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
23ന് രാവിലെ പടിഞ്ഞാറെ മനക്കോടം ഗുരുക്ഷേത്രത്തില്നിന്നു വിളംബരപദയാത്ര. 11.30ന് കളവംകോടം ശക്തീശ്വര ക്ഷേത്രത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ശിവഗിരിമഠം എക്സിക്യുട്ടീവംഗം വിശാലാനന്ദ സ്വാമികള്‍ കൊടിക്കയര്‍ പൂജിച്ച് കൈമാറും. പദയാത്ര 29ന് വൈകിട്ട് നാലിന് വര്‍ക്കലയില്‍ ശ്രീനിവാസപുരം പൗരസമിതിയുടെ വരവേല്പ്. ആറിന് ശിവഗിരിമഹാസമാധിമണ്ഡപത്തില് കൊടിക്കയര്‍ സമര്‍പ്പിക്കും.